റിയാദ്: സൗദി അറേബ്യയിൽ 491 വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ എഴുതി. സൗദിയിലെ ഏക പരീക്ഷാ കേന്ദ്രമായ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലാണ് ഇന്നലെ പരീക്ഷ നടന്നത്. ആകെ 498 പേരാണ് അപേക്ഷിച്ചത്.
രാവിലെ 8.30 മണിയോടെ തന്നെ വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ എത്തി തുടങ്ങിയിരുന്നു. വളരെ കൃത്യതയോടെയുള്ള സജ്ജീകരണങ്ങളാണ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ് പ്രിൻസിപ്പൽ മീരാ റഹ്മാന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്.
റിയാദിലെ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. കവിതയുടെയും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിയും ഇന്ത്യൻ സ്കൂൾ നിരീക്ഷകനുമായ ഷബീർ, സഹ ഉദ്യോഗസ്ഥൻ സൂരജ് എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പരീക്ഷ നടപടികൾ പുരോഗമിച്ചത്. 21 ക്ലാസ് റൂമുകളിലായി നടന്ന പരീക്ഷ നടത്തിപ്പിനായി മൊത്തം 42 ഇൻവിജിലേറ്റർമാരെ നിശ്ചയിച്ചിരുന്നു. രണ്ട് ഇൻവിജിലേറ്റർമാരുടെ മേൽനോട്ടത്തിൽ 24 പരീക്ഷാർത്ഥികളെയാണ് ഓരോ പരീക്ഷാ ഹാളിലും ക്രമീകരിച്ചിരുന്നത്. 70 ഓളം എംബസി ജീവനക്കാരും പരീക്ഷ നടത്തിപ്പിന്റെ വിവിധ രംഗങ്ങളിൽ സഹകരിച്ചു.