Headline

പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് കെഎംസിസി നേതാക്കൾ കേന്ദ്ര മന്ത്രി മുരളീധരനെ കണ്ടു

റിയാദ് : പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ സത്വര നടപടികൾ ആവശ്യപ്പെട്ട് കെഎംസിസി നേതാക്കൾ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീദരന് നിവേദനം നൽകി. റിയാദിലെ അൽ ഫൈസലിയ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിലാണ്  നേതാക്കൾ പ്രവാസികൾ  നേരിടുന്ന വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
സൗദിയിൽ വെച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എയർപോർട്ട് ഹെൽത്ത് ഓഫീസർ (എപി എച്ച് ഓ) ഭാഗത്ത് നിന്ന് തടസ്സങ്ങൾ നേരിടുന്നതായും ഇത് മൃതശരീരം നാട്ടിലെത്തിക്കുന്നത് വൈകിപ്പിക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ സൗദിയിൽ നിന്ന് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെ എയർപോർട്ടിലേക്ക് രേഖകൾ അയക്കുമ്പോൾ എംബാം സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. എംബാം ചെയ്യാതെ സർട്ടിഫിക്കറ്റ് ലഭിക്കില്ല, സർട്ടിഫിക്കറ്റ് ലഭിക്കാതെ APHO വും എയർലൈൻസും കൺഫർമേഷനും  നൽകില്ല.  ഈ വിഷയം സംസ്ഥാന – കേന്ദ്ര ആരോഗ്യമന്ത്രി, വിദേശകാര്യ മന്ത്രാലയത്തിലും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പരിഹാരമെന്ന നിലയിൽ വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ എംബാം സർട്ടിഫിക്കറ്റ് അയക്കാമെന്ന വ്യവസ്ഥയിൽ മൃതശരീരം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള അനുമതി നൽകാൻ ആവശ്യപ്പെടുകയും ഇതനുസരിച്ച് ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളിലെയും APHO ക്ക് നിർദ്ദേശം നൽകാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന്  മറുപടി ലഭിച്ചുവെങ്കിലും  ഇപ്പോഴും ഈ വിഷയത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു. ഈ കാരണത്താൽ മൃതശരീരം മാസങ്ങളോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ട അവസ്ഥയുണ്ടാകുന്നത്.
ഇഖാമ പുതുക്കാത്തതടക്കം വിവിധ കാരണങ്ങളാൽ സൗദി അറേബ്യയിൽ നിരവധി ഇന്ത്യക്കാർ  നിയമവിരുദ്ധരായി കഴിയുന്നുണ്ടെന്നും ഇവരെ നാട്ടിലെത്തിക്കുന്നതിന്ന് വേണ്ടി പൊതുമാപ്പ് പ്രഖ്യാപിക്കുകയാണെങ്കിൽ അത് വലിയ ആശ്വാസമായി മാറും. തർഹീൽ വഴി എമ്പസി ഇടപ്പെട്ട് എക്സിറ്റടിക്കുന്നുണ്ടെങ്കിലും കാലതാമസം നേരിടുന്നു. തൊഴിൽപ്രശ്നങ്ങളിലും മറ്റും പെട്ട് നിയമ നടപടികൾ നേരിടുന്ന ഇന്ത്യക്കാർക്ക് നിയമ സഹായം നൽകാൻ ഇന്ത്യൻ എംബസിയുടെ കീഴിൽ സെൽ രൂപീകരിക്കണം. സൗദിയിൽ മരിക്കുന്ന വ്യത്യസ്ത മതക്കാരായ നവജാത ശിശുക്കളുടെയും കുട്ടികളുടെയും മൃതശരീരം സംസ്കരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടി വേണം.
അവധിക്കാലത്തും ആഘോഷ വേളകളിലും നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യക്കാരിൽ യാതൊരു മാനദണ്ഡവുമില്ലാതെ ടിക്കറ്റിന് അമിത ചാർജ്ജ് ഈടാക്കുന്നത് നിയന്ത്രിക്കണം. അതോടൊപ്പം വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് തിരിക്കുന്ന രോഗികൾക്ക് വേണ്ടി കൂടുതൽ സ്ട്രക്ച്ചർ, ഓക്സിജൻ സൗകര്യങ്ങളും ഒരുക്കണം.
തൊഴിൽപരമായ  പ്രശ്നങ്ങളിൽപ്പെട്ടവരും രോഗം മൂലം പ്രയാസപ്പെടുന്നവരുമായ ഇന്ത്യക്കാർക്ക് ആവശ്യമായ താമസ സൗകര്യവും മറ്റു അവശ്യ സേവനങ്ങളും നൽകാൻ എംബസിക്ക് നിർദ്ദേശം നൽകണം. ഇത്തരം വിഷയങ്ങളിൽ ഇടപെടുന്ന സന്നദ്ധ സംഘടനകൾ സ്വന്തം ഉത്തരവാദിത്തത്തിലാണ് പലപ്പോഴും ഇക്കാര്യങ്ങൾ ചെയ്ത് വരുന്നത്.
പോലീസ് കേസ്, ജയിൽ, മരണം, കോടതി തുടങ്ങിയ കേസുകളിലെ ഇന്ത്യക്കാരുടെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിൽ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയെ അറിയിക്കാനുള്ള ക്രമീകരണം നടത്തണം.
സന്നദ്ധ പ്രവർത്തകർ സിഐഡി, പബ്ലിക് പ്രോസിക്യൂഷൻ, കോടതി പോലീസ്, ജയിൽ, ആശുപത്രി തുടങ്ങി വിവിധ വകുപ്പുകളുടെ  ഓഫീസുകൾ സന്ദർശിക്കുമ്പോളുണ്ടാകുന്ന നിയമപ്രശ്‌നങ്ങളും മറ്റും ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.
പ്രവാസികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ ഏർപ്പെടാൻ സാമൂഹിക പ്രവർത്തകർക്ക് സൗകര്യമൊരുക്കുന്നതിനായി ഇന്ത്യൻ എംബസിയും സൗദി വിദേശകാര്യ മന്ത്രാലയവും അംഗീകരിച്ച ഐഡി കാർഡുകൾ അനുവദിക്കുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമാവും.
വിദേശത്ത് ഒരു ഇന്ത്യക്കാരൻ മരണപ്പെട്ടാൽ എംബസിയിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടൊപ്പം  ഇന്ത്യൻ അതോറിറ്റികളിൽ ഓൺലൈൻ സംവിധാനം വഴി രജിസ്റ്റർ ചെയ്യുന്നതിനും സംവിധാനമുണ്ടായാൽ  കൂടുതൽ കാലതാമസം കൂടാതെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സഹായകമാവും.
മരണാന്തര നടപടികൾ പൂർത്തിയാക്കാൻ വിവിധ ഓഫീസുകൾ സന്ദർശിക്കേണ്ടി വരുന്നത് കൊണ്ട് പലപ്പോഴും പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്നു, ഇത് എളുപ്പത്തിലാക്കാൻ എംബസി, കോൺസുലേറ്റ് കാര്യാലയങ്ങളിൽ സൗദി ഗവൺമെൻ്റിൻ്റെ എല്ലാ വകുപ്പുകളുമായി സഹകരിച്ച് ഏക ജാലക സംവിധാനം ഏർപ്പെടുത്തണം.
സൗദിയിലേക്ക് വരുന്ന എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ഒരു ആരോഗ്യ  ഇൻഷുറൻസ് പദ്ധതി ആരംഭിക്കണം. ചില തൊഴിൽ, കോടതി കേസുകളിൽ ഇഖാമ കാലഹരണപ്പെട്ടവരും ഹുറൂബായവരുമായ വ്യക്തികൾക്കും വക്കാല ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനാപകടത്തിൽ സ്പോൺസർ മരണപ്പെട്ടതിനാൽ 2 വർഷമായി ജയിലിൽ കഴിയുന്ന അനന്തു അരവിന്ദ്, വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട്  സ്വദേശി അബ്ദുറഹീം  ഉൾപ്പെടെ ജയിലിൽ കഴിയുന്നവരുടെ വിവിധ വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
റിക്രൂട്ട്മെൻ്റ് സിസ്റ്റം ദുരുപയോഗം ചെയ്ത് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് തൊഴിൽ വിസയിലും ശേഷം സൗദിയിലേക്ക് വിസിറ്റ് വിസയിലും എത്തിച്ച് വർഷങ്ങളോളം മരുഭൂമിയിൽ കഴിയേണ്ടി വന്ന ഇന്ത്യക്കാരെ വിവിധ ഘട്ടങ്ങളിലായി 30,000 കിലോമീറ്ററുകളോളം കെഎംസിസി വളണ്ടിയർമാർ യാത്ര ചെയ്ത് മോചിപ്പിച്ച് നാട്ടിലെത്തിച്ച വിഷയവും മന്ത്രിയെ ധരിപ്പിച്ചു. ഇത്തരത്തിൽ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനും ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും സൗദി നാഷണൽ കമ്മിറ്റിയുടെയും സാമൂഹിക ജീവകാരുണ്യ പ്രവർത്തങ്ങൾ നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം വിഷയത്തിൽ സാധ്യമാകുന്നതെല്ലാം ചെയ്യാമെന്നും ഉറപ്പ് നൽകി.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top