ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. വാനിഗാം പയീൻ ക്രീരി മേഖലയിൽ ആണ് പുലർച്ചെ ഏറ്റുമുട്ടൽ ഉണ്ടായത്.
ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തു എന്ന് പൊലീസ് അറിയിച്ചു. ഇന്ത്യാ പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ സ്വദേശികളെ സൈന്യം വധിച്ചിരുന്നു. രാജസ്ഥാനിലെ ബാർമറിന് അടുത്ത് അതിർത്തിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
അതിർത്തി രക്ഷാ സേനയാണ് ഇവരെ വധിച്ചത്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു ഇരുവരുമെന്ന് രാജസ്ഥാൻ പൊലീസിലെ ബാർമർ എഎസ്‌പി സത്യേന്ദ്ര പാൽ സിംഗ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്ന് മൂന്ന് കിലോ ഗ്രാമോളം തൂക്കം വരുന്ന മയക്കുമരുന്നും പിടികൂടി.