കുവൈത്ത് പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ജൂൺ 10, 17 തീയതികളിലൊന്നിൽ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. അതിനിടെ, ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം ചൊവ്വാഴ്ച, ദേശീയ അസംബ്ലിയുടെ സാധാരണ സമ്മേളനത്തിന് ആഹ്വാനം ചെയ്തു. ഇതുസംബന്ധിച്ച് എം.പിമാർക്ക് അദ്ദേഹം കത്തയച്ചു.
മന്ത്രിമാരുടെ ഭരണഘടന സത്യപ്രതിജ്ഞയും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാറിന്റെ രാജിപ്രഖ്യാപനം വന്നതോടെ ജനുവരി മുതൽ നാലു മാസത്തോളമായി ദേശീയ അസംബ്ലി സമ്മേളനം നടന്നിട്ടില്ല. സ്പീക്കർ യോഗം വിളിക്കുമെങ്കിലും മന്ത്രിമാർ വിട്ടുനിൽക്കൽ തുടർന്നതിനാൽ സമ്മേളനം മുടങ്ങുകയായിരുന്നു.