രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് രണ്ട് ഭീകര സംഘടനകൾക്ക് നിരോധനം.കശ്മീർ ഗസ്‌നവി ഫോഴ്‌സ് (ജെകെജിഎഫ്), ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) എന്നീ സംഘടനകളെയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്.
ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുള്ള ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെ ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രണ്ട് സംഘടനകൾക്ക് രാജ്യത്ത് നിരോധനവും ഏർപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, തെഹ്‌രീക്-ഉൽ-മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുടെ കേഡർമാരെ ഉൾപ്പെടുത്തി രൂപീകരിച്ചതാണ് ജമ്മു കശ്മീർ ഗസ്‌നവി ഫോഴ്‌സ് (ജെകെജിഎഫ്). നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, മയക്കുമരുന്ന്, ആയുധക്കടത്ത്, കശ്മീരിലെ ഭീകരാക്രമണങ്ങൾ, സുരക്ഷാ സേനയ്‌ക്ക്നേരെയുള്ള അക്രമങ്ങൾ എന്നിവയിലെല്ലാം ജെകെജിഎഫിന് പങ്കുണ്ട്. ജമ്മു കശ്മീരിലെ യുവാക്കളെ തീവ്രവാദ സംഘടനകളിൽ അംഗമാകാൻ ജെകെജിഎഫ് പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.