ബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളുമ്പോൾ തങ്ങളുടെ താരപ്രചാരകനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്.
സദ്ഭരണത്തിന്റെ മാതൃകയായി രാജസ്ഥാനെ ഉയർത്തിക്കാട്ടാനാണ് കോൺഗ്രസിന്റെ ശ്രമം. തിങ്കളാഴ്ച ബംഗളൂരുവിലും മാംഗ്ലൂരിലും ഗെഹ്ലോട്ട് പ്രചാരണത്തിനെത്തിയിരുന്നു. രണ്ടിടത്തുമുള്ള രാജസ്ഥാനികളെ ലക്ഷ്യംവച്ചാണ് കോൺഗ്രസ് നീക്കം.
4 ലക്ഷം രാജസ്ഥാനികളാണ് കർണാടകത്തിൽ സ്ഥിരതാമസക്കാരായുള്ളത്. ഇവരിൽ ഒന്നരലക്ഷം പേരും ഇവിടെ വോട്ടുള്ളവരാണ്. സംസ്ഥാനത്തെ വോട്ടിംഗ് ശതമാനത്തിന്റെ നാല് ശതമാനം രാജസ്ഥാനികളാണെന്ന് ചുരുക്കം. അതുകൊണ്ട് ഇവരുടെ ഓരോ വോട്ടും നിർണായകമാണ്. മാർവാഡി വ്യാപാരി സമൂഹത്തെ സ്വാധീനിക്കാൻ ഗെഹ്ലോട്ടിന്റെ വരവിന് കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
രാജസ്ഥാനിൽ നിന്ന് പ്രചരണത്തിനെത്തിയ ഏക കോൺഗ്രസ് നേതാവാണ് ഗെഹ്ലോട്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുവായ സച്ചിൻ പൈലറ്റിനെ കോൺഗ്രസ് കർണാടകയിലെത്തിച്ചില്ല എന്നതും ശ്രദ്ധേയമാണ്.