ചെന്നൈയിൽ ബി.ജെ.പി. നേതാവ് വെട്ടേറ്റ് മരിച്ചു.ശ്രീപെരുംപുതൂർ വളർപുരം പഞ്ചായത്ത് പ്രസിഡന്റും ബി.ജെപി. പിന്നാക്കവിഭാഗം സംസ്ഥാന ഖജാൻജിയുമായ പി.പി.ജി. ശങ്കർ (42) ആണ് മരിച്ചത് .
ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ നസറത്ത്‌പേട്ടിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രതികളായ ഒമ്പതുപേർ വെള്ളിയാഴ്ച എഗ്മൂറിലെ കോടതിയിൽ കീഴടങ്ങി. ചെന്നൈയിൽനിന്ന് ശ്രീപെരുംപുതൂരിലേക്ക് പോകുന്നതിനിടെ ശങ്കർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി നാടൻ ബോംബെറിഞ്ഞു. എന്നാൽ ശങ്കർ കാറിൽ നിന്ന് ഇറങ്ങിയോടി. അക്രമിസംഘം പിന്നാലെ ഓടിയെത്തി വടിവാൾ കൊണ്ടു വെട്ടി. സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അക്രമത്തിന് ശേഷം പ്രതികൾ ഓടിരക്ഷപ്പെട്ടു. പിന്നീട് പോലീസെത്തി ശങ്കറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആക്രിക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.