അപകീർത്തി കേസിൽ സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകി രാഹുൽ ഗാന്ധി. ഗുജറാത്ത് ഹൈക്കോടതിയിലാണ് അപ്പീൽ നൽകിയിരിക്കുന്നത്.
കേസിൽ കുറ്റക്കാരനാണെന്ന വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. മോദി പരാമ ർശവുമായി ബന്ധപ്പെട്ട ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് സിജെഎം കോടതി രാഹുലിന് പരമാവധി ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ രാഹുൽ നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയും തള്ളിയിരുന്നു.
ലോക്‌സഭാ അംഗത്വം നഷ്ടമായതിനെ തുടർന്ന് കേന്ദ്രസർക്കാർ നിർദേശപ്രകാരം രാഹുൽ കഴിഞ്ഞ ദിവസം ഔദ്യോഗിക വസതി ഒഴിഞ്ഞു. ‘മോഷ്ടാക്കൾക്കെല്ലാം എന്തുകൊണ്ടാണ് മോദിയെന്ന് പേരു വരുന്നത്’ എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാവായ പൂർണേശ് മോദിയാണ് കോടതിയെ സമീപിച്ചത്. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലായിരുന്നു പരാമർശം.