ഖലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിംഗ് അറസ്റ്റിൽ .മോഗ പൊലീസിന് മുമ്പാകെ അമൃത്പാൽ സിങ് കീഴടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 18 മുതൽ അമൃത്പാൽ സിങ്ങും വാരിസ് പഞ്ചാബ് ദേയുടെ അംഗങ്ങളും ഒളിവിലാണ്. ഇവർക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
നേരത്തെ അമൃത്പാൽ സിങ്ങിന്റെ ഭാര്യ കിരൺദീപ് കൗറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലണ്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് അമൃത്പാലിന്റെ കീഴടങ്ങൽ.
മഫ്തിയിലുള്ള പോലീസുകാർക്കൊപ്പം അമൃത്പാൽ കാറിൽ ഇരിക്കുന്ന ഫോട്ടോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ അമൃത്പാൽ സിംഗ് കീഴടങ്ങിയതായുള്ള വാർത്തകളോട് പഞ്ചാബ് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.