പിഎസ്എൽവി-സി55 പരീക്ഷണം വിജയം; ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ചെന്നൈ: സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് – 2, ചെറു ഉപഗ്രഹം ലൂമിലൈറ്റ് – 4 എന്നിവ ഭ്രമണപഥത്തിലെത്തിച്ച് പിഎസ്എൽവി-സി55 ദൗത്യം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം.

വിക്ഷേപണത്തറയിലെത്തിക്കാതെ റോക്കറ്റിന്റെ ഘടകങ്ങൾ വേഗത്തിൽ സംയോജിപ്പിക്കുന്ന പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി (പിഐഎഫ്) ഉപയോഗപ്പെടുത്തിയ ആദ്യ പിഎസ്എൽവി റോക്കറ്റാണ് വാണിജ്യ വിക്ഷേപണത്തിനായി ഐഎസ്ആർഒ ഉപയോഗിച്ചത്. 757 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളാണു 586 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. പിഎസ്എൽവിയുടെ 57ാമത് വിക്ഷേപണമാണിത്. സി വേരിയന്റിന്റെ 16ാമത്തെ വിക്ഷേപണമാണ് ഇന്നു നടന്നത്.

സിംഗപ്പുരിൽനിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനൊപ്പം പോം (പിഎസ്എൽവി ഓർബിറ്റൽ എക്സ്പരിമെന്റ് മൊഡ്യൂൾ – പിഒഇഎം) എന്ന മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമായിരുന്നു. പോം വഹിക്കുന്ന പിഎസ്എൽവിയുടെ മൂന്നാമത്തെ ദൗത്യമാണിത്. പിഎസ്എൽവി–സി53 ആയിരുന്നു പോമുമായി ആദ്യം വിക്ഷേപിച്ചത്. പോളാർ എർത്ത് ഓർബിറ്റിൽ പരീക്ഷണം നടത്തുകയാണ് പോമിന്റെ കർത്തവ്യം. ഒരു മാസമാണ് പോമിന്റെ പ്രവർത്തന കാലാവധി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top