Headline

കുടുംബശ്രീയുടെ മൈക്രോ എന്റര്‍പ്രൈസ് കോണ്‍ക്ലേവ്: 22ന് എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭക വികസനത്തിന്റെ ഭാഗമായി കുടുംബശ്രീമിഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 22ന് മൈക്രോ എന്റര്‍പ്രൈസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. രാവിലെ 11ന് കളമശേരി സമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.

കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭകമേഖല ഉയര്‍ന്ന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും  നൂതനമായ ഒട്ടനവധി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ വിവിധ ഉപജീവന പദ്ധതികളെക്കുറിച്ചുള്ള സെമിനാറുകള്‍, വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പാനല്‍ ചര്‍ച്ചകള്‍, കുടുംബശ്രീയുടെ ഭാഗമായുള്ളതും അല്ലാത്തതുമായ സംരംഭകരുടെ അനുഭവം പങ്കുവയ്ക്കല്‍, സംരംഭക മേഖലയിലെ ആധുനിക സാങ്കേതികവിദ്യയും യന്ത്ര ഉപകരണങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്തല്‍, എക്‌സിബിഷന്‍, വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ ആദരിക്കല്‍, കലാപരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ദ്വിദിന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുള്‍പ്പെടെ ആയിരത്തി അഞ്ഞൂറോളം പേര്‍ പങ്കെടുക്കും.

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കു സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുള്ള ‘ഷീ സ്റ്റാര്‍ട്‌സ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും കോണ്‍ക്ലേവില്‍ നടക്കും. കുടുംബശ്രീയും വ്യവസായ വാണിജ്യ വകുപ്പും ചേര്‍ന്ന് ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രൊജക്റ്റ് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് കേരളത്തില്‍ 1.5 ലക്ഷം സംരംഭങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ മൂന്ന് ലക്ഷം വനിതകള്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനവും കണ്ടെത്താനുള്ള ബൃഹത്തായ പദ്ധതിയാണ്. പദ്ധതിയുടെ ആദ്യഘട്ടമായി 2023-24 സാമ്പത്തിക വര്‍ഷം ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ 40,000 സംരംഭങ്ങളെങ്കിലും രൂപീകരിക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം.

സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്.വി.ഇ.പി.) നടപ്പിലാക്കുന്നതിനായി പുതിയതായി അനുവദിച്ച 10 ബ്ലോക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. നിലവില്‍ 15 ബ്ലോക്കുകളില്‍ നടപ്പിലാക്കി വരുന്ന എസ്.വി.ഇ.പി.യുടെ നേട്ടങ്ങള്‍ വിശകലനം ചെയ്തതിന്റെയും പദ്ധതിയുടെ വിജയത്തേയും അടിസ്ഥാനമാക്കി 2021-ല്‍ കൂടുതല്‍ ബ്ലോക്കുകളില്‍ എസ്.വി.ഇ.പി നടപ്പിലാക്കുന്നതിനായി കുടുംബശ്രീ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നേമം (തിരുവനന്തപുരം), വെട്ടിക്കവല (കൊല്ലം), കോയിപ്രം (പത്തനംതിട്ട), ഏറ്റുമാനൂര്‍ (കോട്ടയം), ആലങ്ങാട് (എറണാകുളം), പഴയന്നൂര്‍ (തൃശൂര്‍), തൃത്താല (പാലക്കാട്), പെരുമ്പടപ്പ് (മലപ്പുറം), കുന്നുമ്മല്‍ (കോഴിക്കോട്), തളിപ്പറമ്പ് (കണ്ണൂര്‍) എന്നീ പത്ത് ബ്ലോക്കുകളില്‍കൂടി എസ്.വി.ഇ.പി. നടപ്പിലാക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തു. വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) പ്രകാരം പത്ത് ബ്ലോക്കുകളിലുംകൂടി നാലു വര്‍ഷം കൊണ്ട് 23,340 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു ലക്ഷ്യമിടുന്നു. ആകെ പത്ത് ബ്ലോക്കുകള്‍ക്കും കൂടി 64.37 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 38.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 25.75 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്.

മൈക്രോ എന്റര്‍പ്രെസ് കോണ്‍ക്ലേവിന്റെ ഭാഗമായി മെഷിനറി-ടെക്‌നോളജി എക്‌സ്‌പോയുടെ ഉദ്ഘാടനവും നടക്കും. ഏറ്റവും ആധുനിക യന്ത്ര ഉപകരണങ്ങള്‍ പരിചയപ്പെടുന്നതിനും പുതിയ ടെക്‌നോളജികള്‍ മനസിലാക്കുന്നതിനുമായാണ് സംരംഭകര്‍ക്കായി മെഷിനറി ടെക്‌നോളജി എക്‌സ്‌പോ നടത്തുന്നത്. എക്‌സ്‌പോയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top