Headline

തീപാറും ലുക്കിൽ മോഹൻലാൽ: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ഒരു സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ ഓരോ അപ്ഡേറ്റ്സും ആഘോഷമാക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ബ്രില്ലിയന്റ് ക്രാഫ്റ്റ്സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഷു ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിക്കുമെന്നുറപ്പുള്ള തീപ്പൊരി ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ കൂടുതൽ ആവേശമാണ് സമ്മാനിക്കുന്നത്. കംപ്ലീറ്റ് ആക്ടറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാകും എന്ന പ്രതീക്ഷ നിലനിർത്തി തന്നെയാണ് കരുത്തനായ കഥാനായകന്റെ രൂപം മലയാളികൾ ഏറ്റെടുക്കുന്നത്.
ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍,  സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നത്. രാജസ്ഥാനിലെ ജെയ്‌സ്‌ൽമീറിൽ ജനുവരി പതിനെട്ടിന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴും തുടരുകയാണ്.
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമായതുകൊണ്ടു തന്നെ ചിത്രത്തിന്റെ കഥയെയും പശ്ചാത്തലത്തെയും കുറിച്ച് നിരവധി അഭ്യൂഗങ്ങൾ വന്നിരുന്നുവെങ്കിലും പ്രസ്തുത ചർച്ചകളിലെ കഥയല്ല മലൈക്കോട്ടൈ വാലിഭന്റേതെന്നു പ്രൊഡ്യൂസേഴ്‌സ് വ്യക്തമാക്കിയിരുന്നു.മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ മറ്റു താരങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയിട്ടില്ല. ഹൈ ബഡ്ജറ്റിൽ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളിൽ റിലീസാകും. ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പിഎസ് റഫീക്കാണ്.  ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പി ആർ ഓ പ്രതീഷ് ശേഖറാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top