ഇന്ത്യയിൽ ക്രിസ്ത്യൻ വിഭാഗത്തിനെതിരായ അക്രമങ്ങൾ വർധിച്ചു വരുന്നതയായുള്ള റിപ്പോർട്ടുകളിൽ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ക്രിസ്ത്യൻ മത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.
ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച. ആർച്ച് ബിഷപ്പ് അനിൽ ജെ. ടി കൗട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. ബൈബിളിന്റെ ഒരു കോപ്പി, പോപ് ഫ്രാൻസിസ് ആശിർവദിച്ച ക്രിസ്തുവിന്റെ രൂപം എന്നിവ രാഷ്ട്രപതിക്ക് സംഘം സമ്മാനിച്ചു.
ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ കുത്തനെ വർധിക്കുന്നതിനെക്കുറിച്ച് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. താൻ ഒഡീഷയിലും ഝാർഖണ്ഡിലും പ്രവർത്തിച്ചിരുന്ന കാലത്ത് പ്രദേശത്തെ കന്യാസ്ത്രീ സമൂഹവും സഭാംഗങ്ങളും നടത്തിയ സാമൂഹ്യ സേവനങ്ങളെ കുറിച്ച് രാഷ്ട്രപതി ഓർമിച്ചു. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും അവർ നടത്തിയ സംഭാവനകളെ പ്രകീർത്തിച്ചു.