ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കർണാടകയിൽ ഒരു ബി.ജെ.പി എം.എൽ.എ കൂടി പാർട്ടി വിട്ടു. മുഡിഗെർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എം.എൽ.എ ആയ കുമാരസ്വാമി ഇത്തവണ സ്ഥാനാർഥി പട്ടികയിൽ തന്റെ പേരില്ലെന്ന് കണ്ടതോടെയാണ് രാജി പ്രഖ്യാപിച്ചത്.
തനിക്ക് സീറ്റ് നിഷേധിച്ചത് ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയാണെന്ന് അദ്ദേഹം ആരോപിച്ചു. രണ്ടാംഘട്ടത്തിൽ 23 സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. മുഡിഗറിൽനിന്ന് ദീപക് ദോഡ്ഡയ്യയാണ് മത്സരിക്കുന്നത്. സി.ടി രവിക്ക് തന്നോടുള്ള വ്യക്തിവിരോധം മൂലമാണ് സീറ്റ് നിഷേധിച്ചതെന്നാണ് കുമാരസ്വാമിയുടെ ആരോപണം. ബി.ജെ.പി വിട്ട കുമാരസ്വാമി ജെ.ഡി (എസ്) സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം.