Headline

ചോള സാമ്രാജ്യത്തിന്റെ കിരീടാവകാശിയായി മധുരാന്തകൻ എത്തുന്നു; പൊന്നിയിൻ സെൽവനിലെ ശിവോഹം ഗാനമെത്തി

പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പിഎസ്-2 ‘വിലെ ശിവോഹം,ശിവോഹം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറക്കാർ പുറത്തു വിട്ടു. ആദി ശങ്കരൻ്റെ ശിവോഹം എന്ന മന്ത്രം ഏ. ആർ.റഹ്മാന്റെ മാസ്മരിക സംഗീതത്തിൽ ഭക്തി നിർഭരമായി ആലപിച്ചത് സത്യപ്രകാശ്, ഡോക്ടർ നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, ശെൻബകരാജ്, ടി.എസ്.അയ്യപ്പൻ എന്നിവരാണ് . മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റായ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിലെ ഈ ഗാന രംഗത്തിൽ മധുരാന്തകൻ എന്ന മർമ പ്രധാനമായ കഥാപാത്രമായി റഹ്മാൻ എത്തുന്നു. ചിത്രത്തിൻ്റെ കഥാഗതി നിയന്ത്രിക്കുന്ന കഥാപാത്രമാണ് മധുരാന്തകൻ. ഈ കഥാപാത്രം രാജാവായി അവരോധിക്കപ്പെടുന്ന സൂചന നൽകുന്ന ഗാനരംഗമാണിത്.
പിതാവ് കണ്ഠരാദിത്യന്റെ കാലശേഷം അദ്ദേഹത്തിന്റെ പിൻഗാമിയും ചോള സാമ്രാജ്യത്തിന്റെ കിരീട അവകാശിയും മകൻ മധുരാന്തക ഉത്തമ ചോളനാണ്. കണ്ഠരാദിത്യന്റെ മരണ വേളയിൽ മധുരാന്തകൻ ശിശുവായിരുന്നു. അതു കൊണ്ട് കണ്ഠരാദിത്യൻ സഹോദരൻ സുന്ദര ചോളനെ രാജാവായി വാഴിക്കുന്നു. സുന്ദര ചോളന്റെ മക്കളാണ് ആദിത്യ കരികാലൻ, ഇളയ റാണി കുന്ദവൈ, അരുൾമൊഴി വർമ്മൻ എന്ന പൊന്നിയിൻ സെൽവൻ എന്നിവർ. ശിവ ഭക്തനായ കണ്ഠരാദിത്യന്റെ അന്ത്യാഭിലാഷം തന്റെ പുത്രൻ ഒരിക്കലും അധികാര മോഹി ആവരുത് അവൻ തികഞ്ഞൊരു ശിവ ഭക്തനായി വളരണം എന്നതായിരുന്നു. പിതാവിന്റെ മരണ ശേഷം സെമ്പിയിൻ മാദേവിയുടെ വാക്ക് വേദ വാക്കായി സ്വീകരിച്ച് ശിവ യോഗിയായി ദേശാഠനതതിലായിരുന്നു. എന്നാൽ പഴുവൂർ ഇളയ റാണി നന്ദിനിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മധുരാന്തകന്റെ മനസ്സു മാറി. കിരീടത്തിനും ചെങ്കൊലിനും വേണ്ടിയുള്ള അവകാശവാദവുമായി മധുരാന്തകൻ തിരിച്ചെത്തുന്നു. ഇത് ചോള നാടിനെ പ്രതിസന്ധി യിലാക്കുന്നു. പിന്നീടുള്ള വൈകാരികവും സംഘർഷാത്മകവുമായ മുഹൂർത്തങ്ങളിലൂടെയാണ് പൊന്നിയിൻ സെൽവന്റെ കഥ പരിസമാപ്തിയിലെത്തുന്നത്.
സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ജനപ്രിയ ചരിത്ര നോവൽ ‘പൊന്നിയിൻ സെല്‍വൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ രണ്ടു ഭാഗങ്ങളിലായി ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത് .
വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ,ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര, റഹ്മാൻ,ജയറാം, പ്രഭു,ശരത് കുമാർ, പാർത്ഥിപൻ,വിക്രം പ്രഭു ,ബാബു ആൻ്റണി,ലാൽ, റിയാസ് ഖാൻ,കിഷോർ അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍,മോഹൻ റാം, എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ പിഎസ്2 ‘ ( പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം) ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. കെ.സുബാസ്ക്കരന്റെ ലൈക്കാ പ്രൊഡക്ഷൻസും മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസാണ്  കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top