മസ്‌ക്കറ്റ്: കനത്ത മഴ കാരണം ഒമാനിലെ മസ്‌ക്കറ്റ് ഗവർണറേറ്റിൽ റോഡിലേക്ക് പാറ ഇടിഞ്ഞു വീണു. ഇതിനെ തുടർന്ന് നിരവധി വാഹനങ്ങൾ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഇവിടുത്തെ തോടുകൾ നിറഞ്ഞുകവിഞ്ഞതോടെ ഒട്ടേറെ വാഹനങ്ങളും ഒഴുക്കിൽപെട്ടു. മഴയ്ക്കൊപ്പം കനത്ത കാറ്റും മിന്നലുമുണ്ടായിരുന്നു.
ഞായറാഴ്ച വൈകിട്ട് ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവുമുണ്ടായി. ഒട്ടേറെ റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. യുഎഇയിലെ വടക്കൻ എമിറേറ്റുകളിൽ ഇന്നു മുതൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.