ബെംഗളൂരു: കര്‍ഷകരുടെ ആൺമക്കളെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് 2 ലക്ഷം രൂപ വാഗ്ദാനം നൽകി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. കോലാറില്‍ പഞ്ചരത്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് കുമാരസ്വാമിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.
“കര്‍ഷകരുടെ മക്കളായതിനാൽ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ വിസമ്മതിക്കുന്നുവെന്ന് തനിക്ക് നിരവധി പരാതികള്‍ ലഭിച്ചു. ഇത് പരിഹരിക്കുന്നതിനായി തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ അനുവദിക്കും. ആണ്‍കുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരമൊരു കൈത്താങ്ങ് നല്‍കുന്നത്.” – കുമാരസ്വാമി വ്യക്തമാക്കി.
മേയ് പത്തിനാണ് കര്‍ണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ്. 13നാണ് ഫലപ്രഖ്യാപനം. 224 അംഗ നിയമസഭയിലേക്ക് 123 സീറ്റിലെങ്കിലും വിജയിക്കുകയെന്നതാണ് ജനതാദളിന്റെ ലക്ഷ്യം. 93 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ ജനതാദള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.