മക്കയിൽ ഉംറ തീർഥാടകരുടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇനി ഡ്രോണും നിരീക്ഷണത്തിനുണ്ടാകും. മക്കയുടെ പ്രവേശന കവാടങ്ങളിലും മറ്റും ഒരുക്കിയിട്ടുള്ള പാർക്കിങ് കേന്ദ്രങ്ങളിലാണ് ഡ്രോണുകളുടെ നിരീക്ഷണം. പൊതു സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ക്രമീകരണം.
ഉംറയ്ക്കെത്തുന്ന തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന കേന്ദ്രങ്ങളിലാണ് മുഴു സമയവും ഡ്രോണുകളുടെ നിരീക്ഷണം ഏർപ്പെടുത്തുന്നത്. വിശുദ്ധ റമദാനിൽ മക്കയിലെത്തുന്ന തീർഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഗതാഗത കുരുക്കൊഴിവാക്കാനായാണ് മക്കയുടെ പ്രവേശന കവാടങ്ങളിൽ പാർക്കിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.