Headline

നാല് ലൈഫ് ഭവനസമുച്ചയങ്ങൾ ഏപ്രിൽ 8ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഭൂരഹിതരും ഭവനരഹിതരുമായ 174കുടുംബങ്ങളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ നിർമ്മിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10.30ന് കണ്ണൂർ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടമ്പൂരിലെ ഫ്‌ളാറ്റിലെ 44ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി,അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. പുനലൂർ (കൊല്ലം) ഫ്‌ളാറ്റിൽ ഗുണഭോക്താക്കൾക്ക് മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവർ ചേർന്ന് താക്കോൽ കൈമാറും. കോട്ടയം വിജയപുരത്ത് മന്ത്രി വി.എൻ. വാസവനും, ഇടുക്കി കരിമണ്ണൂരിൽ  മന്ത്രി റോഷി അഗസ്റ്റിനും താക്കോൽ കൈമാറ്റം നിർവഹിക്കും. ലൈഫ് മിഷൻ മുഖേന സംസ്ഥാനത്ത് നിർമ്മാണം പൂർത്തീകരിച്ച ആദ്യത്തെ നാല് ഫ്‌ളാറ്റുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയുടെ ഭാഗമാണ് ചടങ്ങുകൾ.

ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ ഭാഗമായി ഇതുവരെ3,39,822 ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. 2022-23സാമ്പത്തിക വർഷം 1,06,000വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 2022ഏപ്രിൽ മുതൽ ഇതുവരെ 54,430വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 60,160വീടുകളുടെ നിർമ്മാണം വിവിധഘട്ടങ്ങളിൽ പുരോഗമിക്കുന്നു. ഇതിന് പുറമേ25 ഭവനസമുച്ചയങ്ങളുടെ നിർമ്മാണവും പുരോഗമിക്കുന്നു. ഇതിന് പുറമേ എറണാകുളം ജില്ലയിലെ നെല്ലിക്കുഴി,തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ പുതിയ ഭവനസമുച്ചയങ്ങൽ നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

കരിമണ്ണൂർ (ഇടുക്കി) യിൽ42ഉം, കടമ്പൂർ (കണ്ണൂർ) പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം) ഭവന സമുച്ചയങ്ങളിൽ 44യൂണിറ്റുകളും വീതമാണുള്ളത്,ഭിന്നശേഷിക്കാർക്കും, മറ്റ് ശാരീരികമായ അവശത ഉള്ളവർക്കുമായി താഴത്തെ നിലയിൽ 2 ഭവനങ്ങൾ നിർമിച്ചിട്ടുണ്ട്. ഓരോ അപ്പാർട്ട്‌മെന്റിലും ഒരു ഹാൾ രണ്ടു കിടപ്പ് മുറി ഒരു അടുക്കള ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ പൊതുവായി ഒരു ഇടനാഴി,ഗോവണി, അഗ്‌നിശമന സംവിധാനങ്ങൾ, വൈദ്യുതി,കുടിവെള്ളത്തിനായി കുഴൽ കിണർ, കുടിവെള്ള സംഭരണി,സോളാർ ലൈറ്റ് സംവിധാനം ഖരമാലിന്യ സംസ്‌കരണം,ചുറ്റുമതിൽ, മഴവെള്ള സംഭരണി,ജനറേറ്റർ, ട്രാൻസ്‌ഫോർമർ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

കെട്ടിടങ്ങൾ പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് നിർമിച്ചിരിക്കുന്നത്. എൽജിഎസ്എഫ് സാങ്കേതിക വിദ്യയിൽ കെട്ടിടത്തിന്റെ ഫ്രെയിം നിർമിച്ച്, അത് ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ച് കവർചെയ്താണ് ചുമർ നിർമിച്ചിരിക്കുന്നത്. കോൺക്രീറ്റ് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നാലു നിലകളും വാർത്തത്. കെട്ടിടത്തിൽ മതിയായ കാറ്റും വെളിച്ചവും ലഭിക്കുന്നതിന് രണ്ട് അകമുറ്റം നൽകിയിട്ടുണ്ട്. മുറികളിൽ സെറാമിക് ടൈലും പൊതു ഇടങ്ങളിൽ വിട്രിഫൈഡ് ടൈലുമാണ് ഫ്‌ളോറിംഗിന് ഉപയോഗിച്ചിരിക്കുന്നത്. ഫാൻ,ലൈറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് എന്നിവയ്ക്കുള്ള സംവിധാനങ്ങളും നൽകിയിട്ടുണ്ട്. സർക്കാർ സബ്‌സിഡിയോടെ കെട്ടിടത്തിൽ സൗരോർജ പ്ലാന്റുകൾ അനെർട് സ്ഥാപിച്ചു. ഇത് വഴി കെട്ടിടത്തിന്റെ പൊതുഇടനാഴികളിലും പൊതുവിടങ്ങളിലും സൗരോർജ വൈദ്യുതി ഉപയോഗിച്ച് വെളിച്ച സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെന്നാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് കടമ്പൂരിലെ നിർമാണം നിർവഹിച്ചത്. ബാക്കി മൂന്ന് ഭവനസമുച്ചയങ്ങളുടെയും നിർമ്മാണം അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിറ്റ്‌സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിർവഹിച്ചു. തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നാല് പദ്ധതിയുടെയും കൺസൾട്ടൻസി നിർവ്വഹണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top