ഭോപാൽ-ഡൽഹി വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് തീവണ്ടിയാണിത്. ജനങ്ങൾക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കാനാണ് ശ്രമമെന്നും വന്ദേ ഭാരതിന് രാജ്യത്തെല്ലായിടത്തും ആവശ്യക്കാരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം ഏപ്രിൽ ഒന്നിനാണെന്ന് പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസിലെ സുഹൃത്തുക്കൾ അതിനെ മോദിയുടെ ഏപ്രിൾ ഫൂൾ പരിപാടിയാണെന്ന് പരിഹസിച്ചിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, ഏപ്രിൽ ഒന്നിനുതന്നെ തീവണ്ടിസർവീസ് ആരംഭിച്ചത് എല്ലാവരും കണ്ടു. സർക്കാരിന്റെ അനുഭവസമ്പത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണിത്. മുൻസർക്കാർ അവരുടെ ഒരു കുടുംബത്തിന്റെ കാര്യത്തിനാണ് പ്രാഥമിക പരിഗണന നൽകിയത്’’- മോദി പറഞ്ഞു.