Headline

ദേശീയപാത വികസനം ദ്രുതഗതിയിൽ: 99 ശതമാനം നഷ്ടപരിഹാരവും വിതരണം ചെയ്തു

ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആലപ്പുഴ ഹരിപ്പാട് മാധവ ജംഗ്ഷൻ മുതൽ ഡാണാപ്പടി വരെയുള്ള പ്രദേശം, കരുവാറ്റ എന്നിവിടങ്ങളിൽ പുതിയ റോഡിന്റെ ടാറിംഗ് പ്രവർത്തികൾ നടന്നുവരുകയാണ്. ജില്ലയിൽ മൂന്ന് റീച്ചുകളായാണ് ദേശീയപാത വികസനം. 81 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത നിർമിക്കുന്നത്. 31 വില്ലേജുകളിലൂടെയാണിത് കടന്നു പോകുന്നത്. പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ജില്ല കളക്ടറുടെ നേതൃത്വത്തിൽ ആഴ്ചതോറും ദേശീയ പാതാ നിർമാണത്തിന്റെ പുരോഗതി വിലയിരുത്തിവരികയാണ്.

ദേശീയപാത വികസനത്തിനായി ആകെ ഏറ്റെടുക്കേണ്ട 106.14 ഹെക്ടർ ഭൂമിയിൽ 104.98 ഹെക്ടറും ഏറ്റെടുത്ത് കഴിഞ്ഞു. ആകെ ഏറ്റെടുക്കേണ്ട ഭൂമിയുടെ 98.9 ശതമാനമാണിത്. ജില്ലയിൽ 2930 കോടി രൂപയാണ് ആകെ നൽകേണ്ടത്. ഇതിന്റെ 99 ശതമാനം പണവും നഷ്ടപരിഹാരമായി വിതരണം ചെയ്തു കഴിഞ്ഞു. തുടർ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ അധികമായി ലഭിക്കും.

റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ 4807 കെട്ടിടങ്ങളാണ് പൊളിച്ച് നീക്കേണ്ടത്. ഇതിൽ 4717 കെട്ടിടങ്ങളും പൊളിച്ച് മാറ്റിക്കഴിഞ്ഞു. ശേഷിക്കുന്ന 90 കെട്ടിടങ്ങൾ പൊളിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇത് ഒരു മാസത്തിനുള്ളിൽതന്നെ പൊളിച്ചു നീക്കും.

അരൂർ- തുറവൂർ ആകാശ പാതയുടെ (എലിവേറ്റഡ് ഹൈവേ) നിർമാണത്തിനായി 60 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 47 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ പ്രദേശത്ത് മരം മുറിക്കുന്ന പ്രവൃത്തിയും

ടെസ്റ്റ് പൈലിങ്ങും പുരോഗമിക്കുകയാണ്. 12.75 കിലോമീറ്ററാണ് അരൂർ- തുറവൂർ ആകാശ പാതയുടെ നീളം. പ്രാഥമികമായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ആലപ്പുഴ ബീച്ചിൽ നിർമിക്കുന്ന സമാന്തര ബൈപാസ് പാലത്തിന്റെ നിർമാണവും അതിവേഗം പുരോഗമിക്കുന്നുണ്ട്. നിലവിലെ പാലത്തിന് പടിഞ്ഞാറ് വശത്തായാണ് പുതിയ പാലം. രണ്ട് റെയിൽവേ മേൽപ്പാലങ്ങളും മൂന്ന് അടിപ്പാതകളും ഉൾപ്പടെയാണ് പുതിയ പാലം നിർമിക്കുന്നത്. മാളികമുക്കിൽ രണ്ടും കുതിരപന്തിയിൽ ഒന്നും വീതമാണ് അടിപ്പാതകൾ നിർമിക്കുക.

ദേശീയപാതയുടെ തുറവൂർ- പറവൂർ റീച്ചിൽ നൽകേണ്ടിയിരുന്ന 1174.34 കോടി രൂപയിൽ 1174.24 കോടി രൂപയും വിതരണം ചെയ്തു. 1392 കെട്ടിടങ്ങളാണ് ഇവിടെ പൊളിച്ച് നീക്കിയത്. ഇനി 52 കെട്ടിടങ്ങൾ കൂടി പൊളിക്കാനുണ്ട്.

പറവൂർ- കൊറ്റുകുളങ്ങര റീച്ചിൽ നൽകേണ്ടിയിരുന്ന 1564.13 കോടിയിൽ 1537.74 കോടിയും വിതരണം ചെയ്തു. 2888 കെട്ടിടങ്ങളാണ് ഇവിടെ പൊളിച്ച് നീക്കിയത്. ഇനി 29 കെട്ടിടങ്ങളാണ് ബാക്കിയുള്ളത്.

കൊറ്റുകുളങ്ങര- ഓച്ചിറ റീച്ചിൽ നൽകേണ്ടിയിരുന്ന 217.97 കോടിയിൽ 99 ശതമാനം പണവും വിതരണം ചെയ്തു. ഇവിടെ 437 കെട്ടിടങ്ങൾ പൊളിച്ചു നീക്കി. ഒൻപത് കെട്ടിടങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ ഇടങ്ങളിൽ ടെസ്റ്റ് പൈലിങ്, ഭൂമി നിരപ്പാക്കൽ, സ്ലാബ് നിർമാണം, സർവീസ് റോഡ് നിർമാണം, ഓട നിർമാണം തുടങ്ങിയ പ്രവർത്തികളും പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top