മഞ്ജു വാര്യർ-സൈജു ശ്രീധരൻ ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംവിധായകൻ നിർമൽ

പുതുതായി പ്രഖ്യാപിച്ച മഞ്ജു വാര്യർ ചിത്രം ഫുട്ടേജിനെതിരെ പ്രതിഷേധവുമായി സംവിധായകൻ നിർമൽ. സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ ചിത്രം മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയാണെന്ന രീതിയിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് നിർമൽ സോഷ്യൽ മീഡിയയിൽ തന്റെ പ്രതിഷേധമറിയിച്ചത്.

 

“മഞ്ജു വാര്യര്‍, സൈജു ശ്രീധരന്‍, കൂടാതെ ‘ഫുട്ടേജ്’ എന്ന ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരോടും എല്ലാ മാധ്യമ സുഹൃത്തുക്കളോടും കൂടെ പറയട്ടെ.. മലയാളത്തിലെ ആദ്യത്തെ മുഴുനീള ഫൗണ്ട് ഫുട്ടേജ് ചിത്രം (വഴിയെ) ഞങ്ങൾ ചെയ്തു. നിങ്ങൾക്ക് വേണമെങ്കിൽ #ഫൂട്ടേജ് എന്ന ചിത്രത്തെ മലയാളത്തിലെ രണ്ടാമത്തെ ഫൗണ്ട് ഫുട്ടേജ് ചിത്രമെന്ന് പറയാം. മുഴുവൻ ടീമംഗങ്ങൾക്കും ആശംസകൾ..” എന്നാണ് നിർമൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

 

നിർമൽ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ‘വഴിയെ’യാണ് മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസ് സംഗീത സംവിധാനം കൈകാര്യം ചെയ്ത ‘വഴിയെ’യിൽ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ശ്യാം സലാഷ്, ജോജിൻ ടോമി, ശാലിനി ബേബി, സാനിയ പൗലോസ് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

 

ഇവാൻ ഇവാൻസിന്റെ ആദ്യ ഇന്ത്യൻ സിനിമ കൂടിയായ വഴിയെ 2022 ലെ ടൊറന്റോ ഇൻഡി ഹൊറർ ഫെസ്റ്റിലായിരുന്നു ആദ്യമായി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ജൂൺ 11 ന് അമേരിക്കൻ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ‘ഡൈവേഴ്‌സ് സിനിമയിലൂടെ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോ, ടുബി, പ്ലെക്സ് എന്നീ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലും സ്ട്രീം ചെയ്യുന്നുണ്ട്.

 

നിർമൽ മുമ്പ് സംവിധാനം ചെയ്ത ‘തരിയോട്’ എന്ന ഡോക്യൂമെന്ററി രാജ്യത്തിനകത്തും പുറത്തുമായി നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ലോകപ്രശസ്‌ത സിനിമാതാരം റോജർ വാർഡ് ഉൾപ്പടെ ഹോളിവുഡിൽ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്ന ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകൻ കൂടിയാണ് നിർമൽ. തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കാണ് ഈ ചിത്രം. നിർമലിന്റെ സംവിധാനത്തിൽ അടുത്തതായി പുറത്തിറങ്ങാനുള്ള ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top