ന്യൂഡൽഹി: ത്രിപുരയിൽ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുക. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 60 സീറ്റുകൾ ഉള്ള ത്രിപുര നിയമസഭയിലേക്ക് ഇത്തവണ ബിജെപിയും ഇടത് – കോൺഗ്രസ് കൂട്ടുകെട്ടും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. തിപ്ര മോത എന്ന പുതിയ ഗോത്ര പാർട്ടിയുടെ സാന്നിധ്യമാണ് സാഹചര്യം കൂടുതൽ സങ്കീർണമാക്കിയത്.
സംസ്ഥാനത്ത് നിലനിൽക്കുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 10 മണി മുതൽ ഫെബ്രുവരി 17 രാവിലെ 10 മണിവരെ മൂന്ന് രാത്രികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 400 കമ്പനി കേന്ദ്ര സേനയെയും 20000 പോലീസുകാരെയും സുരക്ഷക്കായി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 3,328 വോട്ടിംഗ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.