Headline

അടുത്ത വർഷത്തെ പാഠപുസ്തകം ഈ അധ്യയന വർഷം തന്നെ കുട്ടികളിലേക്ക് , പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

ആലപ്പുഴ: ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കാലോചിതമായി പരിഷ്‌ക്കരിച്ച ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പുസ്തക വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. ഇത് സംബന്ധിച്ച് സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ വേദിയില്‍ വെച്ച് മന്ത്രിക്ക് നിവേദനം നല്‍കി. നിവേദനം പരിഗണിച്ച ശേഷമാണ് ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചത്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനും രണ്ട് മാസം മുന്‍പ് തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോമിന്റെ വിതരണോദ്ഘാടനം രാവിലെ നിര്‍വഹിച്ചു. വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി നല്‍കുന്ന പദ്ധതിക്ക് 29-ാം തീയതി ബീമാപള്ളി സ്‌കൂളില്‍ തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു.

മൂന്ന് വാല്യങ്ങളായി സംസ്ഥാനത്ത് 4.90 കോടി പുസ്തകങ്ങളാണ് ആവശ്യം. ഇതില്‍ ആദ്യ വാല്യമായ 2.81 കോടി പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ സുഗമമായ വിതരണത്തിനായി 14 ജില്ല ഹബ്ബുകളും 3313 സൊസൈറ്റികളും 13,300 സ്‌കൂളുകളും സജ്ജമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ 9,10 ക്ലാസുകളിലേക്ക് പ്രവേശനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള പുസ്തകങ്ങള്‍ ഡിപ്പോകളില്‍ ലഭ്യമാക്കിക്കഴിഞ്ഞു.

പ്ലസ് വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്. ചില സ്ഥലങ്ങളില്‍ സീറ്റുകള്‍ അധികമായി ഒഴിഞ്ഞു കിടക്കുയാണ്. മറ്റ് സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമായി സീറ്റുകള്‍ ഇല്ല. ഇത് പഠിക്കുന്നതിന് സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് സീറ്റുകളുടെ പുനഃക്രമീകരണം നടത്തും. ഇതുവഴി പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലേക്കാണ് സൗജന്യമായ പുസ്തകങ്ങള്‍ നല്‍കുന്നത്. പണം അടയ്ക്കുന്ന മുറയ്ക്കുന്നയ്ക്ക് അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും പുസ്തകങ്ങള്‍ നല്‍കും. ഏകദേശം 100 കോടിയിലധികം രൂപയാണ് പാഠപുസ്തക അച്ചടി, വിതരണം എന്നീ ഇനത്തില്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ ചെലവഴിക്കുന്നത്. സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലെ ഏകദേശം 38 ലക്ഷം കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ ഒന്ന് മുതല്‍ 10 വരെ അടുത്ത അധ്യയന വര്‍ഷത്തേക്ക് ആകെ 13,75,432 പുസ്തകങ്ങളാണ് വേണ്ടത്. ഇതില്‍ 5,57,339 പുസ്തകങ്ങള്‍ അതത് ഡിപ്പോകളില്‍ എത്തിച്ചിട്ടുണ്ട്. പുസ്തക വിതരണത്തിനുള്ള സോര്‍ട്ടിങ് ജില്ലയില്‍ തിങ്കളാഴ്ച ആരംഭിക്കും. ജില്ലയിലെത്തിയ പുസ്തകങ്ങല്‍ ക്രോഡീകരിച്ച് 260 സൊസൈറ്റികളില്‍ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മാതൃകാപരമായും സമയബന്ധിതമായും പാഠപുസ്തകങ്ങളുടെ അച്ചടി, വിതരണം എന്നിവ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം. ഇത് വളരെയേറെ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.

പല സര്‍ക്കാരുകളും വിദ്യാഭ്യാസ മന്ത്രിമാരും മാറി മാറി വന്നിട്ടുണ്ടെങ്കിലും പരീക്ഷ അവസാനിക്കുന്നതിന് മുന്‍പ് തന്നെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത് ഇത് ആദ്യമാണെന്ന് മുഖ്യാതിഥിയായ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ആലപ്പുഴയില്‍ വലിയ മാറ്റമാണ് ഉണ്ടായത്. അതില്‍ ഏറിയ പങ്കും വിദ്യാഭ്യാസ മേഖലയിലാണ്- മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top