ദിസ്പുർ: ആസാമിലെ നഗാവോണിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. കാംപുർ മേഖലയിൽ കോപിലി നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലമാണ് തകർന്നു വീണത്.
പരിക്കേറ്റ തൊഴിലാളികളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണാണ് അപകടം സംഭവിച്ചത്. നിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് പാലം നിർമിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊതുമരാമത്ത് വകുപ്പിനോട് റിപ്പോർട്ട് തേടിയതായും പോലീസ് അറിയിച്ചു.