എച്ച്3 എൻ2 വൈറസ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ അഹമ്മദ്‌നഗറിൽ മെഡിക്കൽ വിദ്യാർഥിയും നാഗ്പുരിൽ വയോധികനും മരിച്ചു. കർണാടകയിലും ഹരിയാണയിലുമായിരുന്നു ഇന്ത്യയിലെ ആദ്യ രണ്ടു മരണങ്ങൾ.
സംസ്ഥാനത്ത് 352 പേർ വൈറസ് ബാധിച്ച് ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി തനാജി സാവന്ത് നിയമസഭയെ അറിയിച്ചു. ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 23 വയസ്സുള്ള മെഡിക്കൽ വിദ്യാർഥിയാണ് മരിച്ചത്. കോവിഡും ബാധിച്ചിരുന്നു. കഴിഞ്ഞയാഴ്ച അലിബാഗിൽ വിനോദയാത്രയ്ക്ക് പോയിരുന്ന വിദ്യാർഥി മടങ്ങിവന്നതിനു പിന്നാലെയാണ് പനി ബാധിച്ചത്. നാഗ്പുരിൽ 78 വയസ്സുകാരനാണ് മരിച്ചത്. വൈറസ് ബാധിച്ച് ഇദ്ദേഹം ചികിത്സയിലായിരുന്നു.