ബംഗളൂരു: കനത്ത പ്രതിഷേധത്തിനിടെ ബംഗളൂരു-മൈസൂരു അതിവേഗപാതയിൽ ടോൾ പിരിവ് തുടങ്ങി. ബംഗളൂരു മുതൽ മദ്ദൂരിലെ നിദാഘട്ട വരെയുള്ള 56 കിലോമീറ്റർ ഭാഗത്താണ് ചൊവ്വാഴ്ച ദേശീയപാത അതോറിറ്റി അധികൃതർ േടാൾ പിരിവിന് തുടക്കമിട്ടത്. ബിഡദിക്ക് സമീപത്തെ കണിമിണികെ ടോൾ പ്ലാസയിൽ നിന്നാണ് പിരിവ്. കാർ, ജീപ്പ്, വാൻ എന്നിവക്ക് ഒറ്റ യാത്രക്ക് 135 രൂപയാണ് ടോൾ. ഒറ്റദിവസത്തിൽതന്നെ മടക്കയാത്രയുമുണ്ടെങ്കിൽ 205 രൂപയാണ്.
മിനിബസുകൾക്ക് 220 രൂപയും ബസുകൾക്ക് 460 രൂപയുമാണ് ഒറ്റയാത്രക്ക്. അതേസമയം, നിദാഘട്ടെ മുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്റർ ഭാഗത്തെ ടോൾ നിരക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇൗ ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഇവിടെയും ടോൾ തുടങ്ങും.