അഗര്‍ത്തല: ത്രിപുരയിൽ മുഖ്യമന്ത്രി പദവിയില്‍ ആശയക്കുഴപ്പം. മണിക് സാഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ഉറപ്പിച്ചെങ്കിലും പ്രതിമ ഭൗമിക്കിന് വേണ്ടിയും ചരടുവലി ശക്തമായിരിക്കുകയാണ്.
കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ബി.ജെ.പി നിയമസഭാ കക്ഷി യോഗം തിങ്കളാഴ്ച ചേരും. അതിനിടെ, തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച സംഘർഷങ്ങൾ തുടരുകയാണ്. ത്രിപുരയിൽ ഗവര്‍ണറെ മുഖ്യമന്ത്രി മണിക് സാഹ രാജിക്കത്ത് കൈമാറിയപ്പോഴും പുതിയ സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചില്ല.
ഔദ്യോഗിക പ്രഖ്യാപനം ബി.ജെ.പി കേന്ദ്ര നിരീക്ഷകരടക്കം പങ്കെടുക്കുന്ന തിങ്കളാഴ്ചത്തെ നിയമസഭാകക്ഷി യോഗത്തിലുണ്ടാകും. ആഭ്യന്തര കലഹങ്ങളിൽ ആടിയുലഞ്ഞ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചതാണ് മണിക് സാഹയുടെ നേട്ടമായി ഉയർത്തിക്കാട്ടുന്നത്.
ത്രിപുരയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരം ബി.ജെ.പി പാഴാക്കരുതെന്ന് അഭിപ്രായമുള്ളവരുമുണ്ട്. മന്ത്രിസഭയിൽ പുതുമുഖങ്ങളും ചെറുപ്പക്കാരും എത്തും. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.