തൃശൂർ: തേക്കിൻകാട് മൈതാനത്ത് ഇനി രാഷ്ട്രീയ പ്രസംഗങ്ങളുടെ വെടിക്കെട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുന്ന അതേ മൈതാനത്ത് തൊട്ടടുത്ത ദിവസം ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ പ്രസംഗവും ഉണ്ടാകും. കേരളത്തിൽ ബിജെപിയുടെ പുതിയ ശക്തി കേന്ദ്രമെന്നു വിലയിരുത്തുന്ന സ്ഥലത്തു തന്നെ അമിത് ഷാ സിപിഎമ്മിനു മറുപടി നൽകുന്നു എന്നത് ഏറെ ശ്രേദ്ധേയമാണ്. ശനിയാഴ്ചയാണു എം.വി.ഗോവിന്ദൻ ജനകീയ പ്രതിരോധ ജാഥ നയിച്ചു തേക്കിൻകാട് മൈതാനത്തെത്തുന്നത്. തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് അമിത് ഷായും എത്തുന്നു.
ജില്ലയിൽ നിന്ന് 13 എംഎൽഎമാണ്ടെങ്കിലും സിപിഎമ്മിനു ഇവിടുന്ന് പാർലമെന്റ് സീറ്റില്ല. 2014ൽ തൃശൂർ പാർലമെന്റ് സീറ്റിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ടു വ്യത്യാസം 2.86 ലക്ഷമായിരുന്നു. 2019ൽ ഈ വ്യത്യാസം 27, 634 വോട്ടായി.
അതേസമയം, തിരുവനന്തപുരത്ത് നിന്നോ തൃശൂരിൽ നിന്നോ കേരളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാൽ, തൃശൂരിൽ നിന്നു സംസ്ഥാന തലത്തിൽ ശക്തി തെളിയിക്കുന്ന നേതാക്കൾ ബിജെപിക്കില്ല എന്നതും ആശങ്കയുളവാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന ശക്തി പ്രകടനമാകും തേക്കിൻകാട് മൈതാനത്ത് കാണാനാകുക. അമിത് ഷാ വരുന്നതു പ്രതിരോധ യാത്രയുടെ ശക്തി കണ്ടു പേടിച്ചാണെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.