തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കായി പണിയുന്ന മുട്ടത്തറ ഫ്‌ളാറ്റ് പദ്ധതി 15 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശം നല്‍കി. വിഴിഞ്ഞം പദ്ധതി ഒത്തുതീര്‍പ്പ് വ്യവസ്ഥ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം സമരം ഒത്തുതീർപ്പുമായി ബന്ധപ്പെട്ട ഏഴ് തീരുമാനങ്ങളിലും നല്ല പുരോഗതിയുണ്ടെന്ന് യോഗം വിലയിരുത്തി. ജില്ലാ മോണിറ്ററിങ് സമിതികള്‍ കൃത്യമായി യോഗം ചേര്‍ന്ന് തീരുമാനങ്ങളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യണം. മണ്ണെണ്ണ എൻജിന്‍ മാറ്റി എല്‍പിജി, ഡീസല്‍ എൻജിന്‍ ആക്കുന്നതിനുള്ള പ്രദര്‍ശനം തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നടത്താനും യോഗം തീരുമാനിച്ചു.
ക്ഷീര വികസന വകുപ്പിന്റെ ഉടമസ്ഥതയിൽ മുട്ടത്തറയിലുള്ള എട്ടേക്കർ സ്ഥലത്ത് 50 സമുച്ചയങ്ങളിലായി 400 ഫ്ളാറ്റുകളാണ് നിർമിക്കുക. വലിയതുറയിലും രണ്ടേക്കർ സർക്കാർ ഭൂമിയിൽ 24 സമുച്ചയങ്ങളിലായി 192 ഫ്ളാറ്റുകൾ നിർമിക്കുന്നുണ്ട്.