ബെംഗളൂരു: ബെംഗളൂരു–മൈസുരു ദേശീയപാതയിൽ (എൻഎച്ച് –275) ആദ്യഘട്ടത്തിലെ ടോൾ പിരിവ് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. ബെംഗളൂരു കുമ്പൽഗോഡ് മുതൽ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റർ പാതയിലെ ടോൾ പിരിവാണ് തുടങ്ങുക. രാമനഗര ജില്ലയിലെ ബിഡദി കണമിണിക്കെയിലാണ് രണ്ട് ഇടങ്ങളിലായി ടോൾ ബൂത്തുകൾ ക്രമീകരിച്ചിട്ടുള്ളത്. ബെംഗളുരുവിൽനിന്ന് മൈസൂരു ഭാഗത്തേക്കു വരുന്ന വാഹനങ്ങൾക്ക് ബിഡദി കണമിണിക്കെയിലും, മൈസൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ശേഷഗിരിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്.
നിദ്ദഘട്ട–മൈസൂരു 61 കിലോമീറ്റർ ദൂരത്തെ ടോൾ പിരിവ് ഉദ്ഘാടനത്തിനു ശേഷം ആരംഭിക്കുമെന്ന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ ബി.ടി.ശ്രീധർ പറഞ്ഞു. രണ്ടാംഘട്ടത്തിലെ ടോൾ ബൂത്ത് ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലാണ് നിർമിച്ചിരിക്കുന്നത്.
ടോൾ നിരക്കുകൾ (ഒരു വശത്തേയ്ക്ക് മാത്രം, ഇരുവശങ്ങളിലേക്കും, പ്രതിമാസ പാസ്)
കാർ, ജീപ്പ്, വാൻ: 135 രൂപ, 205 രൂപ, 4525
ലൈറ്റ് കൊമേഴ്സൽ വെഹിക്കിൾ, ഗുഡ്സ് വെഹിക്കിൾ, മിനി ബസ്: 220, 330, 7315.
ബസ്, ലോറി: 460, 690, 15325.
കൊമേഴ്സ്യൽ വെഹിക്കിൾ: 500, 750, 16715.
ഹെവി കൺസ്ട്രക്‌ഷൻ വെഹിക്കിൾ, എർത്ത് മൂവിങ് എക്യുപ്മെന്റ്: 720, 1080, 24,030.
ഓവർസൈസ്ഡ് വെഹിക്കിൾ (7ആക്സിലിൽ കൂടുതൽ): 880, 1315, 29255
അതേസമയം, ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന രാമനഗര ജില്ലയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് നിരക്കിളവ് ലഭിക്കും. കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് 70 രൂപയും ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 110 രൂപയും ബസ്, ലോറി എന്നിവയ്ക്ക് 230 രൂപയുമാണ് ഇരുവശങ്ങളിലേക്കുള്ള നിരക്ക്.