അന്താരാഷ്ട്ര വനിതാ ഉച്ചകോടിക്ക് ചൊവ്വാഴ്ച അബുദാബിയിൽ തുടക്കമാകും. യു.എ.ഇയുടെ പ്രഥമ വനിതാ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറകിൻറെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
സ്ത്രീകളുടെ ഉന്നമനവും ആധുനിക കാലത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും ചർച്ചയാവുന്ന ദ്വിദിന ഉച്ചകോടിക്കാണ് അബുദായിയിൽ വേദി ഒരുങ്ങുന്നത്. വേൾഡ് മുസ്ലിംസ് കമ്മ്യൂണിറ്റീസ് കൌൺസിലും, ജനറൽ വിമൺസ് യൂണിയനുമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
സമാധാനവും സാമൂഹിക സമന്വയവും സ്ഥാപിക്കുന്നതിൽ വനിതാ നേതാക്കളുടെ പങ്ക് എന്നതാണ് ഉച്ചകോടിയുടെ ഇത്തവണത്തെ പ്രമേയം. വനിതാ ശാക്തീകരണത്തെ തടസ്സപ്പെടുത്തുന്ന പ്രശ്നങ്ങളും, സുസ്ഥിര വികസനത്തിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും ഉച്ചകോടി ചർച്ച ചെയ്യും.