Headline

സംസ്ഥാനത്തിന്റെ വായ്പാപരിധിയും ഗ്രാന്റും വീണ്ടും കേന്ദ്രം വെട്ടിക്കുറച്ചതായി ധനമന്ത്രി

സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി, റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് എന്നീ ഇനങ്ങളിൽ 20,000 കോടി രൂപ കേന്ദ്രസർക്കാർ 2023-24 സാമ്പത്തികവർഷം വെട്ടിക്കുറച്ചതായി സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ.

32,000 കോടി രൂപയെങ്കിലും വായ്പാപരിധി പ്രതീക്ഷിച്ചിടത്ത് വെറും 15,390 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇത് സംസ്ഥാനത്തിന് അർഹമായതിന്റെ പകുതി മാത്രമാണ്. ഇതിനുപുറമേയാണ് റവന്യു ഡെഫിസിറ്റ് ഗ്രാന്റിൽ 10,000 കോടി രൂപയുടെ കുറവ് വരുത്തിയത്.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്നും ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒന്നു രണ്ട് വർഷങ്ങളായി 40,000 കോടിയിൽപ്പരം രൂപയുടെ കുറവാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. ഇതിന് പുറമെയാണ് പുതിയ വെട്ടിക്കുറവ്.

ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസങ്ങളിൽ 22,000 കോടി രൂപയാണ് സംസ്ഥാനം വായ്പാപരിധി പ്രതീക്ഷിച്ചത്. എന്നാൽ മൊത്തം വർഷത്തേക്ക് നിശ്ചയിച്ച പരിധിയാകട്ടെ 15390 കോടി രൂപ മാത്രവും.

ഫിസ്‌കൽ റസ്‌പോൺസിബിലിറ്റി ആന്റ് ബജറ്റ് മാനേജ്‌മെന്റ് ആക്റ്റ് (എഫ്.ആർ.ബി.എം ആക്റ്റ്) നിഷ്‌കർഷിക്കുന്ന വായ്പാ തുക പോലും കേന്ദ്രം നൽകുന്നില്ല.

ഇതിനെതിരെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കേണ്ടതുണ്ടെന്നും ഫെഡറൽ സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറവ് നടത്തിയിട്ടും നികുതി വരുമാനങ്ങൾ വർധിപ്പിച്ചും ജനങ്ങളുടെ പിന്തുണയോട് കൂടിയുമാണ് കഴിഞ്ഞ വർഷം സംസ്ഥാനം പിടിച്ചുനിന്നത്.

കേരളത്തിൽ മൊത്തം റവന്യു ചെലവിന്റെ 70 ശതമാനത്തോളം സംസ്ഥാനം തന്നെ കണ്ടെത്തേണ്ടി വരുമ്പോൾ ചില വടക്കൻ സംസ്ഥാനങ്ങളിൽ അത് 40 ശതമാനം മാത്രമാണെന്നും ബാക്കി കേന്ദ്ര സഹായമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

Back To Top