ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും ചൊവ്വാഴ്ച മുതല്‍ 2,000 രൂപ നോട്ട് നിക്ഷേപിക്കാനും മാറ്റിയെടുക്കാനും ക്രമീകരണം ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് നോട്ട് മാറ്റത്തിനും നിക്ഷേപത്തിനും റിസര്‍വ് ബാങ്ക് അനുവദിച്ച സമയം.
ഒറ്റത്തവണ 2,000 രൂപയുടെ 10 നോട്ടുകള്‍ വരെ ഏതു ബാങ്ക് ശാഖയില്‍ കൊടുത്തും മാറ്റിയെടുക്കാം. നിക്ഷേപത്തിന് ഇത്തരത്തില്‍ പരിധിയില്ല. 50,000 രൂപക്കു മുകളില്‍ നിക്ഷേപിക്കുന്നതിന് ആദായ നികുതി ചട്ടങ്ങള്‍ ബാധകം. പാൻ ഹാജരാക്കണം.
നോട്ട് നിക്ഷേപിക്കുന്നതും മാറ്റിയെടുക്കുന്നതും സംബന്ധിച്ച ഡേറ്റ സൂക്ഷിക്കാൻ ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. നോട്ട് മാറ്റിയെടുക്കാൻ വരുന്നവര്‍ക്കായി കൗണ്ടറുകളില്‍ സ്റ്റാഫ് അടക്കം മതിയായ അടിസ്ഥാന സൗകര്യം ബാങ്കുകളില്‍ ഒരുക്കണം. കാത്തു നില്‍പിനുള്ള ഇടം, കുടിവെള്ള സൗകര്യം, കൗണ്ടറില്‍ മതിയായ സ്റ്റാഫ് തുടങ്ങിയവ ഉണ്ടാകണം. 2016ലെ നോട്ട് അസാധുവാക്കല്‍ ഉണ്ടാക്കിയ ദുരിതം മുൻനിര്‍ത്തിയാണ് നിര്‍ദേശം.