ജയ്പൂര്‍: വിവാദ ചിത്രം കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തിനു ശേഷം തിയറ്ററില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ വി.എച്ച്.പി നേതാവ് സാധ്വി പ്രാചിക്കെതിരെ ജയ്പൂരിലെ വിദ്യാധർ നഗർ പൊലീസ് കേസെടുത്തു. വിദ്വേഷ പരാമര്‍ശം നടത്തിയതിന് ഐപിസി സെക്ഷൻ 295 (എ), ഐടി ആക്‌ട് 67 എന്നിവ പ്രകാരം സാധ്വിക്കെതിരെ കേസെടുത്തതായി വിദ്യാധർ നഗർ പൊലീസ് സ്റ്റേഷൻ ഓഫീസർ വീരേന്ദ്ര കുമാർ പറഞ്ഞു.ഇവരുടെ പ്രസംഗത്തിന്‍റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മേയ് 14നാണ് സംഭവം. വിദ്യാധർ നഗർ ഏരിയയിലെ ഫൺ സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന ഫൺ സ്റ്റാർ സിനിമയില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. ഹിന്ദു യുവവാഹിനി പ്രവർത്തകരായ കേശവ് അറോറ, ആശിഷ് സോണി, വിജേന്ദർ എന്നിവർ ചിത്രം കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.സാധ്വി പ്രാചി, ഭരത് ശർമ്മ എന്നിവരും സിനിമ കാണാനെത്തിയിരുന്നു.
ചിത്രം കണ്ടതിനു ശേഷം ശേഷം സാധ്വി പ്രാചി പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ആരോപണം. മുസ്‍ലിം സമുദായത്തിനെതിരെ ആക്ഷേപകരമായ പരാമർശങ്ങളാണ് സാധ്വി നടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.