Headline

കല്ലറയുടെ മുഖഛായ മാറ്റാൻ ദേശീയ എൻ.സി.സി പരിശീലന കേന്ദ്രം

വിദ്യാർത്ഥികൾക്കിടയിൽ ദേശാഭിമാന ബോധം, സേവന സന്നദ്ധത, സാമൂഹ്യ പ്രതിബദ്ധത, സേവന സന്നദ്ധത, വ്യക്തിപരമായ അച്ചടക്കം എന്നിവ വളർത്തുന്നതിൽ വലിയ പങ്കാണ് എൻ.സി.സി വഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കല്ലറ പാങ്ങൽകുന്നിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർമിക്കുന്ന ദേശീയ എൻ.സി.സി പരിശീലന കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 700 ഓളം കേഡറ്റുകൾക്ക് ഒരേസമയം പരിശീലനം ചെയ്യാൻ കഴിയുന്ന പരിശീലന കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടുകൂടി നാടിന്റെ മുഖച്ഛായ മാറുമെന്നും പലതരത്തിലുള്ള വരുമാനമാർഗങ്ങൾ കല്ലറ ഗ്രാമപഞ്ചായത്തിൽ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നെടുമങ്ങാട് താലൂക്കിലെ കല്ലറ പാങ്ങൽകുന്നിൽ 3.5 ഏക്കർ റവന്യൂ ഭൂമിയാണ് പരിശീലന കേന്ദ്രത്തിനായി ആദ്യ ഘട്ടത്തിൽ സർക്കാർ അനുവദിച്ചിരുന്നത്. എന്നാൽ ഹെലിപ്പാഡ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ ദേശീയ നിലവാരത്തിലുളള പരിശീലന കേന്ദ്രം നിർമ്മിക്കാൻ അധികമായി 5.05 ഏക്കർ ഭൂമി കൂടി അനുവദിക്കുകയായിരുന്നു.

നിർമാണ പ്രവൃത്തികളുടെ ആദ്യഘട്ടത്തിനായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. സർക്കാരിനും ജില്ലാ ഭരണകൂടത്തിനും അടിയന്തര ഘട്ടങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് കൂടി ഉപയോഗിക്കത്തക്ക രീതിയിലാണ് നിർമ്മാണ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പരിശീലന കേന്ദ്രത്തിന്റെ ആദ്യഘട്ടത്തിൽ പരേഡ് ഗ്രൗണ്ട്, ഹെലിപ്പാഡ്, ഗാലറി, പവലിയൻ, ടോയ്‌ലറ്റ് കെട്ടിടംഎന്നിവയുടെ പ്രവൃത്തികളാണ് ഉൾപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ 15,000 ത്തോളം വരുന്ന കേഡറ്റുകൾക്കും കശ്മീർ മുതൽ കന്യാകുമാരി വരെയുളള തെരഞ്ഞെടുക്കപ്പെട്ട എൻ. സി. സി. കേഡറ്റുകൾക്കും ഇവിടെ ഓരോ വർഷവും പ്രതിരോധ സേനയുടെ പ്രാഥമിക പരിശീലനം, ക്യാമ്പ് പരിശീലനം, ഫയറിങ്, ഒബ്‌സ്ട്രക്കിൾ കോഴ്‌സ് എന്നിവയിലുളള പരിശീലനവും, മലകയറ്റം, ട്രക്കിങ് എന്നീ സാഹസിക പ്രവർത്തനങ്ങളിലുള്ള പരിശീലനവും നൽകാൻ സാധിക്കും. കല്ലറ ബസ്റ്റാന്റിൽ നടന്ന ചടങ്ങിൽ ഡി. കെ. മുരളി എം.എൽ. എ അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top