മുംബൈ: ‘ദി കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ അകോലയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 103 പേര്‍ പിടിയിൽ. സിസിടിവി, വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റെന്ന് അകോല പോലീസ് സൂപ്രണ്ട് സന്ദീപ് ഘൂഗെ വ്യക്തമാക്കി.
അറസ്റ്റിലായവരില്‍ രണ്ടു വിഭാഗത്തിലുള്ളവരും ഉള്‍പ്പെടുന്നു. രണ്ടു വ്യക്തികള്‍ തമ്മില്‍ നടത്തിയ വാട്‌സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് പോലീസ് സൂപ്രണ്ട്.
പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശമാണ് ചാറ്റില്‍ ഉള്ളതെന്നാണ് ആരോപണം. ശനിയാഴ്ച രാത്രിയാണ് അകോലയില്‍ സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇലക്ട്രീഷ്യനായ വിലാസ് ഗെയ്ക് വാദ് (40) ആണ് മരിച്ചത്. വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. നിരവധി വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.