Headline

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് തുടക്കം

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ കാമ്പയിന്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള ദ്വിദിന ശിൽപ്പശാല മെയ് 17,18 തീയതികളിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നടക്കുന്ന പ്രസ്തുത പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 17 ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.

കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമേണ കുറച്ച് നെറ്റ് സീറോ കാർബൺ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാൻ ലോകമെമ്പാടും ശ്രമങ്ങൾ നടന്നുവരികയാണ്. 2050 ആകുമ്പോഴേക്കും ഈ ലക്ഷ്യം നേടാനാവും വിധം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പ്രദേശങ്ങളെയും യൂണിറ്റുകളെയും ഘട്ടംഘട്ടമായി നെറ്റ് സീറോ കാർബൺ അവസ്ഥയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ കേരളത്തിലും തുടങ്ങിക്കഴിഞ്ഞു. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന കാമ്പയിനിലൂടെ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ അവതരിപ്പിച്ച് അവലോകനത്തിനു വിധേയമാക്കാനാണ് ശിൽപ്പശാല ലക്ഷ്യമിടുന്നത്.

നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് മുഖ്യാതിഥിയാകും. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ പുസ്തകപ്രകാശനം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നിർവഹിക്കും. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ പുസ്തകം ഏറ്റുവാങ്ങും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ജിജു പി.അലക്സ് ബ്രോഷർ പ്രകാശനം നിർവഹിക്കും. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ എന്നിവർ സംസാരിക്കും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ കാമ്പയിൻ സംബന്ധിച്ച് അനുഭവ വിവരണങ്ങൾ നടത്തും. കാമ്പയിൻ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ചയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top