കുവൈത്ത് അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പണം ഇന്ന് അവസാനിക്കും. പത്രിക സമർപ്പണം ആരംഭിച്ചതിന്റെ ഒമ്പതാം ദിവസമായ ശനിയാഴ്ച നാല് വനിതകൾ ഉൾപ്പെടെ 30 സ്ഥാനാർഥികൾ പത്രിക നൽകി. ഇതോടെ മത്സര രംഗത്തുള്ളവരുടെ എണ്ണം ഒമ്പതു വനിതകൾ ഉൾപ്പെടെ 213ൽ എത്തി.
മുൻ എം.പിമാർ ഉൾപ്പെടെ പല പ്രമുഖ നേതാക്കളും ശനിയാഴ്ച പത്രിക സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. ഒന്നാം മണ്ഡലത്തില്‍ ആറ്, രണ്ടാം മണ്ഡലത്തില്‍ ഒമ്പത്, മൂന്നാം മണ്ഡലത്തില്‍ രണ്ട്, നാലാം മണ്ഡലത്തില്‍ എട്ട്, അഞ്ചാം മണ്ഡലത്തില്‍ അഞ്ച് പേർ എന്നിങ്ങനെയാണ് ശനിയാഴ്ച പത്രിക നൽകിയവർ.
ഒന്നാം മണ്ഡലത്തിൽ പത്രിക നൽകിയ അസീസ ഇസ്മായീൽ അൽ ബന്നായ്, നാലാം മണ്ഡലത്തിൽനിന്ന് ഫാഹിമ നഷ്മി അൽ റാഷിദി, ബർക്കിയൻ മജിദേൽ അൽ സുലൈമാനി, അഞ്ചാം മണ്ഡലത്തിൽ നിന്ന് ഹജർ സുലൈമാൻ അൽ അബ്ദുല്ല എന്നിവരാണ് പത്രിക നൽകിയ വനിതകൾ.
ദേശീയ അസംബ്ലി മുൻ സ്പീക്കർ മർസൂഖ് അൽ ഗാനിം രണ്ടാമത്തെ മണ്ഡലത്തിൽ നിന്ന് പത്രിക നൽകി. രാജ്യത്തിന്റെ താൽപര്യം ലക്ഷ്യമിട്ട്, സംഘർഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒഴിവാക്കിയാണ് മത്സരരംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവും ആയിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.