പനാജി: കോവിഡ് മഹാമാരിക്ക് ശേഷം ക്യാൻസർ കേസുകൾ വർധിച്ചുവെന്നും ആളുകളുടെ കാഴ്ചയും കേൾവി ശക്തിയും നഷ്ടപ്പെട്ടുവെന്നും ബാബാ രാംദേവ്. ഗോവയിലെ മിരാമർ ബീച്ചിൽ പതഞ്ജലി യോഗ സമിതി യോഗാ ക്യാമ്പ് സംഘടിപ്പിച്ച ചർച്ചയ്ക്ക് മുന്നോടിയായാണ് ബാബാ രാംദേവിന്റെ പരാമർശം.
കാൻസർ കേസുകൾ പ്രതിവർഷം അഞ്ച് ശതമാനം വർധിക്കുന്നുണ്ടെന്നും ഇതിന് പാൻഡെമിക്കുമായി ബന്ധമില്ലെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വേദിയിലിരുത്തിയായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന.
ലോകമെമ്പാടുമുള്ള ജനസംഖ്യാ വർധനയ്ക്കൊപ്പം കാൻസർ കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഗോവ യൂണിറ്റ് മുൻ മേധാവിയുമായ ഡോ.ശേഖർ സൽക്കർ പറഞ്ഞു. പ്രതിവർഷം അഞ്ച് ശതമാനം വർധനയാണ് കേസുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നും അർബുധ രോഗം കുറയാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.