തമിഴ് നായികാ താരം ഐശ്വര്യ രാജേഷ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ ഫര്‍ഹാനാ ‘. ഒരു നാൾ കൂത്ത്, മോൺസ്റ്റർ എന്നീ വ്യത്യസ്ത പ്രമേയ സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കടേശനാണ് സംവിധായകൻ. നെല്‍സണ്‍ വെങ്കടേശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരക്കുന്നത്. ചിത്രത്തിൻ്റെ ടീസറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഒപ്പം തമിഴകത്ത് സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വിവാദങ്ങളും സമരങ്ങളും അരങ്ങേറി. ഈ പാശ്ചാത്തലത്തിൽ മെയ് 12- ന് ‘ ഫർഹാനാ ‘ പ്രദർശനത്തിനെത്തുകയാണ് .
സ്ത്രീ പ്രാധാന്യമുള്ള സിനിമയിൽ മലയാളി താരം അനുമോളും സംവിധായകൻ സെല്‍വരാഘവനും, ജിത്തൻ രമേഷ്,ഐശ്വര്യ ദത്ത എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എല്ലാവരെയും ആകർഷിക്കുന്ന, രസിപ്പിക്കുന്ന നിലവാരമുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറ ശിൽപികൾ. സമൂഹത്തിൽ സ്ത്രീകൾ , പ്രത്യേകിച്ച് ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളും മുസ്ലിം പെൺകുട്ടികളും നേരിടുന്ന വൈകാരികമായ പ്രശ്നങ്ങളാണ് ചിത്രത്തിലെ പ്രതിപാദന വിഷയം എന്ന് ടീസർ സൂചന നൽകുന്നുണ്ട്.
തൻ്റെ ‘ ഫർഹാനാ ‘ യെ കുറിച്ച് സംവിധായകൻ നെല്‍സണ്‍ വെങ്കടേശൻ പറയുന്നു…
” ഒരു സിനിമക്ക് എഴുത്താണ് (കഥ) പ്രധാനം എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. എൻ്റെ മൂന്നാമത്തെ സിനിമ വളരെ വ്യതസ്തമായിരിക്കണം എന്ന് തീരുമാനിച്ചു. ‘ ഫർഹാനാ’ യുടെ കഥ എഴുതുമ്പോൾ ഞാനറിയാതെ തന്നെ അത് ആത്മാവുള്ള ഒരു കഥയായി മാറുകയായിരുന്നു. ചെന്നൈ നഗരത്തിലെ പുതുപ്പേട്ടയിൽ വളർന്നവനാണ് ഞാൻ . വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽക്കുന്ന കടകൾ നിര നിരയായിട്ടുള്ള തെരുവിലാണ് വീട്. മുസ്‌ലിംകൾ അധികം താമസിക്കുന്ന പ്രദേശമാണത്. മുസ്‌ലിം സുഹൃത്തുക്കൾക്കൊപ്പമാണ് വളർന്നത്. അതു കൊണ്ട് ഞാൻ എടുക്കുന്ന സിനിമയുടെ കഥാ പാശ്ചാത്തലം എന്തു കൊണ്ട് ഞാൻ വളർന്ന അനുഭവ പാശ്ചാത്തലമായിക്കൂടാ? ആ സംസ്ക്കാര പാശ്ചാത്തലമായിക്കൂടാ? എന്ന ചിന്തയിൽ നിന്നുമാണ് ‘ ഫർഹാനാ ‘ ജന്മമെടുക്കുന്നത്. ഞാൻ മതവുമായി ബന്ധപ്പെട്ട സിനിമയെടുക്കുന്നു. മത വികാരത്തെ വൃണപ്പെടുത്താൻ പോകുന്നു എന്നൊക്കെ വിവാദങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. എൻ്റെ സുഹത്തുക്കളെ കുറിച്ചുളള സിനിമയാണ് ഞാൻ എടുത്തിട്ടുള്ളത്. ഇത് മതവുമായി ബന്ധപ്പെട്ട സിനിമയല്ല… മനുഷ്യ മനസ്സുമായി ബന്ധപ്പെട്ട വൈകാരികമായ സിനിമയാണ് എന്ന് ഞാൻ തീർത്തു പറയുന്നു. “
ധീരൻ അധികാരം ഒന്ന്, അരുവി, കൈതി എന്നിങ്ങനെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച് പ്രശസ്തമായ ഡ്രീം വാര്യര്‍ പിക്ചേഴ്സിൻ്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവരാണ് ‘ ഫർഹാനാ ‘ നിർമ്മിക്കുന്നത്. ഗോകുല്‍ ബിനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനവും സാബു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു.